Latest News

ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ പാതകൾ നിർമ്മിക്കാൻ ഇന്ത്യ; 4000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

 ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ പാതകൾ നിർമ്മിക്കാൻ ഇന്ത്യ; 4000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയില്‍പാതകള്‍ നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനുമേല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷം ഭൂട്ടാന്‍ സശന്ദര്‍ശന വേളയിലാണ് റെയില്‍ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്.

അസമിലെ കോക്രജാറിനെയും പശ്ചിമബംഗാളിലെ ബനാഹര്‍ട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് പുറത്തുവിട്ടത്. രണ്ട് പദ്ധതികളിലൂടെ ആയി 89 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുമെന്നും അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു.

കോക്രജാറിനും ഗെലെഫുവിനും ഇടയിൽ 69 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ആദ്യ പാത. അതിൽ 2.39 കിലോമീറ്റര്‍ ഭൂട്ടാന്‍ ഭാഗത്തായിരിക്കും.
ഇരുനഗരങ്ങള്‍ക്കുമിടയില്‍ ആറ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. രണ്ട് പ്രധാന പാലങ്ങള്‍, രണ്ട് ഗുഡ്‌ഷെഡുകള്‍, ഒരു റോഡ്ഓവര്‍ബ്രിഡ്ജ്, 39 റോഡ്അണ്ടര്‍ബ്രിഡ്ജുകള്‍ എന്നിവ ഈ പാതയുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടും. നാല് വര്‍ഷത്തിനുള്ളില്‍ 3,456 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിക്കുക. ബനാര്‍ഹട്ടില്‍ നിന്ന് സാംത്സെയിലേക്കുള്ള 20 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ പാതയ്ക്കിടയില്‍ രണ്ട് സ്‌റ്റേഷനുകള്‍ ഉണ്ടാകും. മൂന്ന് വര്‍ഷത്തിനുള്ളില്‍ 577 കോടി രൂപ ചെലവില്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.

ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴിയാണ് ഭൂട്ടാന്റെ ഭൂരിഭാഗം കയറ്റുമതിഇറക്കുമതി വ്യാപാരവും നടക്കുന്നത്. അതിനാല്‍, ഭൂട്ടാന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് തടസമില്ലാത്ത റെയില്‍ കണക്റ്റിവിറ്റി വളരെ പ്രധാനമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂട്ടാന് ഏറ്റവും കൂടുതല്‍ വികസന സഹായം നല്‍കുന്നത് ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യാ ഗവണ്‍മെന്റ് 10,000 കോടി രൂപ 2024 മുതല്‍ 2029 വരെ നീളുന്ന ഭൂട്ടാന്റെ 13ാം പഞ്ചവത്സര പദ്ധതിക്കായി, വാഗ്ദാനം ചെയ്തിട്ടുണ്ട്. 2ാം പഞ്ചവത്സര പദ്ധതിയിലെ കണക്കുകളേക്കാള്‍ 100 ശതമാനം വര്‍ദ്ധനവാണ് ഈ തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes