ഭൂട്ടാൻ വഴി വാഹനക്കടത്ത്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന
കൊച്ചി: നടൻമാരായ ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി. ഭൂട്ടാനിൽ നിന്ന് വാഹനം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടൻമാരുടെ വീടുകളിലുൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന ആരംഭിച്ചത്. നടൻ ദുൽഖർ സൽമാൻ്റെ രണ്ട് വീടുകളിലും പൃഥ്വിരാജ് സുകുമാരൻ്റെ ഫ്ലാറ്റിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ ദുൽഖറിൻ്റെ വീട്ടിൽ നിന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനം കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താതെ മടങ്ങിപ്പോയി
നികുതി വെട്ടിപ്പ് നടത്തിയെന്ന നിഗമനത്തിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. വാഹന ഇടപാടുകളുടെ രേഖകൾ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. സിനിമ മേഖലയിലെ ഉന്നതരാണ് കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്നെണ്ണം വാങ്ങിയിരിക്കുന്നത് എന്നാണ് നേരത്തെയുള്ള കണ്ടെത്തൽ. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്.

