ഭൂട്ടാൻ വാഹനക്കടത്ത്; കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
ഭൂട്ടാൻ വാഹനതട്ടിപ്പുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്കാന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്മാന് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദുൽഖറിന്റെ തമിഴ്നാട് രജിസ്ട്രേഷൻ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. അമിത് ചക്കാലക്കലിൻ്റെ വാഹനവും മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന് വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരില്‍ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാമെന്നും ദുല്‍ഖര്‍ സല്മാന് ഹര്‍ജിയില്‍ പറയുന്നു.
ഭൂട്ടാന് ആര്‍മി ഉപേക്ഷിച്ച വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങളാണ് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തുന്നത്. ഇതിനെത്തുടർന്നാണ് കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇത്തരത്തില്‍ വാഹനങ്ങൾ എത്തിക്കാൻ ഇന്ത്യയിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. അതേസമയം കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. വാഹനങ്ങൾ കണ്ടെത്താൻ ഇതിനോടകം പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം കസ്റ്റംസ് തേടിയിട്ടുണ്ട്.

