മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇനി സൗജന്യ കുടിവെള്ളം
കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍, സന്ദര്‍ശകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കേണ്ടതുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി.
കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയിരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതെ, തിയേറ്ററിനുള്ളില്‍ അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ നൽകുകയും ഉപപഭോക്താക്കളെ വാങ്ങാൻ നിര്‍ബന്ധിതരാക്കുന്ന അനീതിപൂര്‍ണമായ വ്യാപാരരീതിയാണെന്നായിരുന്നു പരാതിയിൽ പറയുന്നത്.
പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന വിവരം മുന്‍കൂട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ബാധകമാണെന്നും പിവിആര്‍ സിനിമാസ് കോടതിയില്‍ വാദിച്ചു. സുരക്ഷ, ശുചിത്വം, ലഹരിവസ്തുക്കളോ തീപിടിക്കുന്ന വസ്തുക്കളോ കൊണ്ടുവരാനുള്ള സാധ്യത തുടങ്ങിയ കാരണങ്ങളാല്‍ ഈ നിയന്ത്രണം സാധാരണവും ന്യായവുമാണെന്നും കമ്പനി വിശദീകരിച്ചു. കൂടാതെ ഭക്ഷണം വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നും, ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി നല്‍കുന്നുണ്ടെന്നും പിവിആര്‍ സിനിമാസ് വ്യക്തമാക്കി.
അതേസമയം ആവശ്യത്തിന് സമയംനൽകിയിട്ടും പരാതിക്കാരന്‍ വേണ്ട തെളിവുകളോ സത്യവാങ്മൂലമോ ഹാജരാക്കിയില്ല എന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിരീക്ഷിച്ചു. പരാതി നിരാകരിച്ചെങ്കിലും ശുദ്ധീകരിച്ച കുടിവെള്ളം സൗജന്യമായി എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുമെന്ന് പിവിആർ സിനിമാസ് രേഖാമൂലം കോടതിയില്‍ ഉറപ്പ് നല്‍കി.

