മാഞ്ചസ്റ്ററിൽ സിനഗോഗിനു നേരേ ആക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ആക്രമണം നടന്നത്.
അതേസമയം ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിതീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു.
ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിനമാണ് യോം കിപ്പൂർ ദിനത്തിലാണ് സിനഗോഗിൽ ഉണ്ടായിരുന്നവർക്ക് നേരെ ആക്രമി ആദ്യം കാർ ഓടിച്ച് കയറ്റിയതായും ശേഷം ആളുകളെ ആക്രമിച്ചതായും വിവരം. സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യു കെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ നിർദ്ദേശിച്ചതായും സ്റ്റാർമർ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ കെയ്ർ സ്റ്റാർമർ ഡെൻമാർക്കിലെ ഉച്ചകോടിയിൽ നിന്ന് അടിയന്തരമായി യുകെയിലേക്ക് മടങ്ങി.