മിസോറം റെയിൽവേ ഭൂപടത്തിൽ: ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി മിസോറം ഇന്ന് റെയിൽവേ ഭൂപടത്തിൽ ഇടം പിടിച്ചു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈരാബി–സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. “മിസോ സമൂഹത്തിന്റെ സേവനവും ധൈര്യവും കരുണയും ഇന്ത്യയുടെ അഭിമാനമാണ്. ഇന്നത്തെ ദിവസം മിസോറത്തിനൊരു ചരിത്ര നിമിഷമാണ്” എന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഉദ്ഘാടന വേദിയായ ഐസ്വാളിൽ എത്താനായില്ലെങ്കിലും ലെങ്‌പുയി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്.
സ്വതത്രത്തിനു ലഭിച്ചു 78 വർഷങ്ങൾക്ക് ശേഷമാണ് മിസോറത്തിലൂടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. വടക്കുകിഴക്കൻ റെയിൽവേ വികസനത്തിന്റെ ഭാഗമായി പദ്ധതിയിട്ട ബൈരാബി–സായ്‌രങ് പാത നിർമിക്കാൻ 11 വർഷം കൊണ്ടാണ് സാധ്യമായത്. മലകളും കുന്നുകളും കീറിയിറക്കി സൃഷ്ടിച്ച ഈ റെയിൽവേ പാത സാങ്കേതിക വിസ്മയമായി മാറിയിരിക്കുകയാണ്. 48 തുരങ്കങ്ങളും 142 പാലങ്ങളും ഉൾക്കൊള്ളുന്ന ഈ പാതയിൽ 1.37 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കങ്ങളും, 114 മീറ്റർ ഉയരമുള്ള പാലങ്ങളും ഉൾപ്പെടുന്നു. സായ്‌രങ് റെയിൽവേ സ്റ്റേഷൻ സമീപത്തെ 114 മീറ്റർ ഉയരത്തിലുള്ള ക്രങ് പാലം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന പാലമായാണ് ശ്രദ്ധ നേടുന്നത്. 1.3 കിലോമീറ്റർ നീളമുള്ള പാലവും ഇവിടെ ഉൾപ്പെടുന്നു. പുതിയ റെയിൽപാത തുറന്നതോടെ ഗോഹട്ടിയിൽ നിന്ന് ഐസ്വാളിലേക്കുള്ള യാത്രാസമയം 24 മണിക്കൂറിൽ നിന്ന് 13 മണിക്കൂറായി ചുരുങ്ങും. ഹോർതോകി, കാൻപൂയി, മാൽഖാങ് എന്നിവയാണ് ഇടത്താവള സ്റ്റേഷനുകൾ. 5021.45 കോടി രൂപയാണ് പദ്ധതി പൂർത്തിയാക്കാൻ ചെലവായത്.