മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ്; നടപടി 2023 ലെ ലൈഫ് മിഷൻ കേസിൽൽ, ഹാജരായില്ലെന്ന് വിവരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ലൈഫ് മിഷൻ കേസിൽ 2023ലാണ് ക്ലിഫ് ഹൗസ് വിലാസത്തിൽ സമൻസ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്. സമൻസിന് വിവേക് ഹാജരായില്ലെന്നാണ് വിവരം.അതേസമയം, വിഷയത്തിൽ ഇ ഡിയുടെ തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം.
സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്.