മൊജ്തബ ഖമനേയി ഇറാൻ്റെ പുതിയ പരമോന്നത നേതാവ്
ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ പ്രഖ്യാപിച്ചു. നിർണായക തീരുമാനവുമായി 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പെർട്ട്സ് രംഗത്തെത്തി. പുതിയ നേതാവിനെ പിന്തുണയ്ക്കാനും രാജ്യത്തെ ജനങ്ങളോട് അവർ ആഹ്വാനം ചെയ്തു.
മൊജ്തബയെ പരമോന്നത നേതാവായി അംഗീകരിച്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തോടുള്ള ആജീവനാന്ത കൂറും വിധേയത്വവും തുടരുമെന്നും എല്ലാ ഉത്തരവുകളും അനുസരിക്കാൻ സേന സജ്ജമാണെന്നും അവർ വ്യക്തമാക്കി.
ഇറാൻ പ്രസിഡൻ്റായ മസൂദ് പെസഷ്കിയാൻയും പുതിയ പരമോന്നത നേതാവിനെ സ്വാഗതം ചെയ്തു. മൊജ്തബ ഖമനേയിയുടെ നിയമനം രാജ്യത്തിന്റെ അന്തസ്സിന്റെയും ശക്തിയുടെയും പുതിയ യുഗത്തിന് തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ. ഷിയ പാരമ്പര്യമനുസരിച്ച് സാധാരണയായി മക്കൾക്ക് പിന്തുടർച്ചാവകാശം ലഭിക്കാറില്ലെങ്കിലും അടിയന്തര സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഉന്നത മതപണ്ഡിതരുടെ ശ്രേണിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത മൊജ്തബ ഇതുവരെ ഔദ്യോഗിക ഭരണനേതൃത്വം കൈകാര്യം ചെയ്തിട്ടില്ല. എങ്കിലും വർഷങ്ങളായി ഇറാന്റെ രാഷ്ട്രീയവും സൈനികവുമായ കാര്യങ്ങളിൽ അദ്ദേഹം നിർണായക സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് വിലയിരുത്തൽ. ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചതും ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

