യുഎസില്‍ ഖത്തറിന്റെ സൈനിക താവള കരാറിന് അംഗീകാരം നല്കി

യുഎസില്‍ സൈനിക വ്യോമസേനാ സംവിധാനം നിര്‍മിക്കാന്‍ ഖത്തറിനെ അനുവദിക്കുന്ന കരാറിന് അംഗീകാരം. ഐഡഹോയിലെ മൗണ്ടന്‍ ഹോം എയര്‍ ബെയ്സിലാണ് ഖത്തറിന് വ്യോമസേനാ സംവിധാനം യു.എസ് അനുവദിക്കുന്നത്. യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പെന്റഗണില്‍ ഖത്തര്‍ പ്രതിരോധമന്ത്രി സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനിയുമായുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ പങ്കാളിത്തത്തിന്റെ മറ്റൊരുദാഹരണം എന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍-ബന്ദിമോചന കരാര്‍ സാധ്യമാക്കാന്‍ ഖത്തര്‍ വഹിച്ച നിര്‍ണായക പങ്കിനെ ഹെഗ്സെത്ത് പുകഴ്ത്തുകയും ചെയ്തു.
വ്യോമസേനാ സംവിധാനം ലഭിക്കുന്നതോടെ ഖത്താരി വൈമാനികര്‍ക്ക് എഫ്-ഫിഫ്റ്റീന്‍ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം യുഎസ് നല്‍കും. ഖത്താരി ഫൈറ്റര്‍ ജെറ്റുകള്‍ക്കും വൈമാനികര്‍ക്കും യുഎസുമായി സംയുക്ത പരീശീലനത്തിന് പറ്റിയ ഇടമാണ് ഐഡഹോയിലെ എയര്‍ബെയ്സ് എന്ന് ഇന്നലെ കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ഹെഗ്സെത്ത് പറഞ്ഞു. എന്നാല്‍ എത്ര ഖത്തരി ജെറ്റുകള്‍ ഐഡഹോയിലുണ്ടാകുമെന്ന് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയില്ല.