Latest News

യുവജനങ്ങളിൽ വർധിച്ചു വരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ ; CPR പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കെ ജി എം ഒ എ

 യുവജനങ്ങളിൽ വർധിച്ചു വരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങൾ ; CPR പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കെ ജി എം ഒ എ

യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടിക്കിടെയുണ്ടായ നിയമസഭാ ജീവനക്കാരൻ്റെ ദാരുണമായ മരണം ഉൾപ്പെടെയുള്ള സംഭവങ്ങൾ, ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമണറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിന്റെയും, സി പി ആർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെയും ആവശ്യകത കെജിഎംഒഎ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തൃശൂർ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും മറ്റ് ജീവനക്കാരും ചേർന്ന് സമയോചിതമായി നൽകിയ CPR-ലൂടെ ഒരു യുവ കെ.എസ്.ഇ.ബി. ജീവനക്കാരൻ്റെ ജീവൻ രക്ഷിക്കാനായി. അതിനാൽ കൃത്യസമയത്ത് ശരിയായ വിധത്തിൽ നൽകുന്ന CPR ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതുകൊണ്ടുതന്നെ, CPR, മറ്റ് പ്രാഥമിക ശുശ്രൂഷാ രീതികൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് KGMOA സർക്കാരിനോട് ആവശ്യപ്പെട്ടു.

ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും CPR ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.
കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, വിവിധ യുവജന സംഘടനകൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കി വിവിധ മേഖലകളിലുള്ളവർക്കായി CPR പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.
സർക്കാർ തലത്തിൽ പൊതുജനങ്ങൾക്കായി CPR സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes