യൂറോപ്യൻ ക്ലയന്റിൽ നിന്നും 2000 കോടി രൂപയുടെ ‘മെഗാ’ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്

യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്.6 ഫീഡര്‍ വെസ്സലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ലഭിച്ചത്. 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വെസ്സലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകള്‍ നിര്‍മിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.
നിലവിൽ കമ്പനിക്ക് 21100 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉള്ളത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം ജൂൺ പാദത്തിൽ കമ്പനിക്ക് 22500 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര കരാറുകൾ കൂടുതൽ ലഭിക്കുന്നതിനുള്ള നടപടികൾ കമ്പനി കൈക്കൊള്ളുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ഓര്‍ഡര്‍ ലഭിച്ചതിന്റെ വിശദാംശങ്ങള്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മെഗാ ഓര്‍ഡര്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് ഓഹരിവില 3 ശതമാനത്തിലധികം മുന്നേറി. 1,766ല്‍ വ്യാപാരം തുടങ്ങിയ ഓഹരിവില 1,807 രൂപവരെയാണ് ഉയര്‍ന്നത്. ഉച്ചയ്ക്കുശേഷം വില അല്‍പം താഴ്ന്നു. ഓര്‍ഡര്‍ സംബന്ധിച്ച ഔദ്യോഗിക കരാറിൽ ഉടൻ ഒപ്പുവയ്ക്കും.