രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും,
പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. 2016-ൽ നിലവിൽ വന്ന ജിഎസ്ടി ഉടമസ്ഥതയിൽ നടന്ന ഏറ്റവും വലിയ പരിഷ്‌ക്കരണമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ജിഎസ്‍ടി നികുതി നിരക്കിലെ മാറ്റമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്നു മുതൽ പുതിയ പരിഷ്‌കരണം പ്രകാരം അഞ്ചു ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും പ്രധാന രണ്ടു ജിഎസ് ടി സ്ലാബുകൾ മാത്രമാണ്.മൂന്നാമതൊരു സ്ളാബുള്ളത് 40 ശതമാനത്തിന്‍റേതാണ്. അത് പുകയില ഉത്പന്നങ്ങളും പാനും പോലുള്ളവയ്ക്കാണ്. 5, 12, 18, 2 എന്നിങ്ങനെയായിരുന്നു മുന്നേയുണ്ടായ നികുതി സ്ലാബുകൾ. നേരത്തെ 12 ശതമാനവും 28 ശതമാനവും നികുതി ചുമത്തിയിരുന്ന ഇനങ്ങളെല്ലാം 5, 18 സ്ലാബിന് കീഴിൽ വരും. വ്യക്തിഗത ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കണമെന്ന ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതാണ് ഏറ്റവും പ്രധാനം. അതിനാൽ ലൈഫ് ആരോഗ്യ ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാ മരുന്നുകൾ എന്നിവ ജിഎസ്ടി ഒഴിവാക്കി.
ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ വിലക്കുറവാണ് ഉണ്ടാകുക. കമ്പനികൾ ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വന്‍ ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അമുല്‍ 700ഓളം ഉല്‍പന്ന പാക്കുകളുടെ വിലയാണ് കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വന്‍വിലക്കുറവ് പ്രഖ്യാപിച്ചു.
40,000ത്തില്‍ തുടങ്ങി 30 ലക്ഷം വരെയാണ് കാറുകളില്‍ പുതുക്കിയ ജിഎസ്ടി കൊണ്ടുവരുന്ന കിഴിവ്. ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ച പലര്‍ക്കും ജിഎസ്ടി 2.0 വലിയ ആശ്വാസം പകരുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കിയും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും , ജനങ്ങളുടെ പര്‍ച്ചേസിങ് പവര്‍ കൂട്ടി ആഭ്യന്തര സമ്പദ്‌വളര്‍ച്ച ശക്തമാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം.