രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം എസ്എഫ്‌ഐ തടഞ്ഞു. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു. നിയമസഭ സമ്മേളനം ആരംഭിക്കുന്ന അതേസമയം, കോൺഗ്രസ് നേതൃത്വത്തിനെ വെല്ലുവിളിച്ചാണ് രാഹുൽ ഇന്ന് നിയമസഭ സമ്മേളനത്തിനെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സഭാ സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎമാർ രാഹുലിനെ അവഗണിച്ചു. എന്നാൽ ലീഗ് എംഎൽഎമാരായ നജീബ് കാന്തപുരവും, എ.കെ.എം അഷ്റഫും, യു.എ. ലത്തീഫും രാഹുലിനോട് സംസാരിച്ചു. അതെ സമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും സജീവമാകാനൊരുങ്ങുന്നുവെന്ന് എല്ലാ ദിവസവും സഭയിലെത്തുന്ന രാഹുൽ ചില വിഷയങ്ങൾ ഉയർത്തി സംസാരിക്കാൻ അവസരം തേടി സ്പീക്കർക്ക് കത്ത് നൽകുമെന്നും വിവരമുണ്ട്.