റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന്മോദി ഉറപ്പ് നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് അവകാശവാദം ഉന്നയിച്ചത്.
ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനായിരുന്നില്ല. അതിനാൽ ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി.. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.പ്രധാനമന്ത്രി മോദി ട്രംപിന് ഇത്തരമൊരു ഉറപ്പ് നല്‍കിയിരുന്നോ എന്നതിനെക്കുറിച്ചുള്ള ഇമെയില്‍ ചോദ്യങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. റഷ്യയില്‍ നിന്നുള്ള കയറ്റുമതി ഉടനടി നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ല. അല്‍പ്പം സമയം വേണം, വൈകാതെ തന്നെ ആ ബന്ധം അവസാനിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ട്രംപിന്റെ അവകാശവാദം ശരിയാണെങ്കില്‍ ആഗോള ക്രൂഡോയില്‍ വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്ന നിലപാട് മാറ്റമായിരിക്കും അത്. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇത് സ്വാധീനിക്കുമെന്നാണ് യു.എസ് പ്രതീക്ഷിക്കുന്നത്.