റിട്ടേണ്‍ ഫയലിങ്, യുപിഎസ്, സില്‍വര്‍ ഹാള്‍മാര്‍ക്കിങ്…;ഇന്ന് മുതല്‍ നിരവധി മാറ്റങ്ങള്‍

ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് സാമ്പത്തിക രംഗം. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയില്‍ ഓരോ ദിവസം കഴിയുന്തോറും വന്നുകൊണ്ടിരിക്കുന്ന പുതിയ അപ്ഡേഷനുകളുമാണ് പ്രധാനമായി സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാവാന്‍ കാരണം. ഇത്തവണ സെപ്റ്റംബര്‍ മാസത്തിലും നിരവധി മാറ്റങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത്. ആദായ നികുതി വ്യവസ്ഥയില്‍ അടക്കമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്.
അതിനാല്‍ സെപ്റ്റംബര്‍ 1 മുതല്‍ ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍ അറിയാം
യുപിഎസിലേക്ക് മാറാനുള്ള അവസാന തീയതി
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകീകൃത പെന്‍ഷന്‍ സ്‌കീം (Unified Pension Scheme – UPS) തെരഞ്ഞെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. നേരത്തെ ജൂണ്‍ 30 ആയിരുന്നു സമയപരിധി. ഇതാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (National Pension System – NPS) നിന്ന് യുപിഎസിലേക്ക് മാറാന്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് അവസരം നല്‍കുന്നതിനാണ് ഈ തീരുമാനം. ജൂലൈ 20 വരെ 31,555 കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ യുപിഎസില്‍ ചേര്‍ന്നതായി സര്‍ക്കാര്‍ അറിയിച്ചു. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
ഐടിആര്‍ സമയപരിധി
2024-25 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 ആണ്. നേരത്തെ ജൂലൈ 31വരെയായിരുന്നു സമയപരിധി. ഇതാണ് നീട്ടിയത്.
സില്‍വര്‍ ഹാള്‍മാര്‍ക്കിങ്
സെപ്റ്റംബര്‍ 1 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളിയും ഹാള്‍മാര്‍ക്ക് ചെയ്യാത്ത വെള്ളിയും വാങ്ങാന്‍ അവസരമുണ്ടാകും. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്) ആണ് വെള്ളി ആഭരണങ്ങള്‍ക്കും ഹാള്‍മാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഇത് തുടക്കത്തില്‍ നിര്‍ബന്ധമല്ല, ഓപ്ഷണലായിരിക്കും. അതായത് സെപ്റ്റംബര്‍ 1 മുതല്‍, ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി വാങ്ങണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
എഫ്ഡി നിരക്കുകളില്‍ മാറ്റം
ഇന്ത്യന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ നിലവില്‍ പ്രത്യേക കാലാവധിയുള്ള എഫ്ഡി പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ബാങ്കിന്റെ 444 ദിവസത്തെയും 555 ദിവസത്തെയും എഫ്ഡി പ്ലാനുകളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. ഐഡിബിഐ ബാങ്കിന്റെ 444, 555, 700 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതിയും സെപ്റ്റംബര്‍ 30 ആണ്.