ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആദ്യ മത്സരത്തിൽ ശ്രീലങ്കൻ വനിതകളെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. 271 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 211 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.
മഴയെ തുടർന്ന് 47 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി.ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് സ്കോർ സമ്മാനിച്ചത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.