ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസിൽ രണ്ട് പേർ അറസ്റ്റിൽ
പാരീസ്: ലോകത്തെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്ര് മ്യൂസിയത്തിൽ കവർച്ച നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെയാണ് ഫ്രാന്‍സ് പൊലീസ് പിടികൂടിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പാരീസിലെ സെയിൻ-സെയിന്റ് – ഡെനിസിൽ നിന്നുള്ളവരാണ് പിടിയിലായവരെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരുവരെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച പകലാണ് ലോകത്തെയാകെ ഞെട്ടിച്ച് മോഷണം നടന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയത്തില്‍ നിന്ന് 88 മില്യണ്‍ വിലമതിക്കുന്ന ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന് ബോണപാര്‍ട്ടിന്റെയും ചക്രവര്‍ത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തില്‍ നിന്നുള്ള ഒന്‍പത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്.
ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്.അകത്ത് കടന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി ഏഴു മിനിറ്റിനുള്ളിലാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടാമത്തെയാളെ അധികം വൈകാതെ പാരീസ് മേഖലയിൽ വെച്ച് അറസ്റ്റ് ചെയ്തു.

