ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ

ന്യൂഡൽഹി: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി കാനഡ പ്രഖ്യാപിച്ചു. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഇന്ത്യൻ വിഭാഗങ്ങൾക്കിടയിലുണ്ടാവുന്ന അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് കാനഡയുടെ നീക്കം.
ഭീകര സംഘടനായി പ്രഖ്യാപിച്ചതിനാൽ ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ കാനഡ സർക്കാരിനു കഴിയും.കൂടാതെ ബിഷ്ണോയി സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും ഈ തീരുമാനത്തിലൂടെ ലഭിക്കും. ബിഷ്ണോയി സംഘത്തെ തീവ്രവാദ സംഘമായി കണക്കാക്കണമെന്ന് നിരവധി നേതാക്കൻമാർ കാനഡ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, ഒന്റാരിയോ എന്നിവിടങ്ങളിലെ ഏഷ്യൻ വംശജർക്കിടയിലാണ് ബിഷ്ണോയി സംഘാങ്ങളുടെ സജീവ പ്രവർത്തനം. 2023 മുതൽ ഈ മേഖലയിൽ 50ലേറെ അക്രമ സംഭവങ്ങൾ നടന്നിരുന്നു.
ബിഷ്ണോയി സംഘത്തിലെ അംഗങ്ങളിൽ കൂടുതലും വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ നിരവധി തവണ ശ്രമിക്കുകയും ചെയ്തിട്ടുള്ള സംഘമാണ് ലോറൻസ് ബിഷ്ണോയിയുടേത്.