വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

കൽപ്പറ്റ : വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.കേസിനാസ്പദമായ സംഭവം നടക്കുന്നത് സെപ്‌റ്റംബർ ഒന്നിനാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.
അതെ സമയം പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാർ പറഞ്ഞു.സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വനംവകുപ്പിലെ തന്നെ രണ്ട് പീഡന പരാതികളിൽ ആരോപണ വിധേയനാണ് രതീഷ്. തെളിവുകൾ പുറത്ത് വന്നിട്ടും പടിഞ്ഞാറത്തറ പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.