വനിതാ ലോകകപ്പ്: പാകിസ്താനെ തോൽപ്പിച്ച് തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യന്‍ പെണ്‍പട

വനിതാ ഏകദിന ലോകകപ്പിൽ 88 റൺസിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ രണ്ടാമതും ജയം സ്വന്തമാക്കി. മറുവശത്ത്, പാകിസ്താന്റെ രണ്ടാം തോൽവിയും രേഖപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 247 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അവസാന ഓവറുകളിൽ റിച്ച് ഘോഷ് പൊട്ടിച്ചടിച്ചത് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. 20 പന്തിൽ പുറത്താകാതെ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 35 റൺസ് ആണ് റിച്ച ഘോഷ് നേടിയത്. ടീമിനായി ഹർലീൻ ഡിയോൾ 65 പന്തിൽ 46 റൺസ് നേടി മികച്ച സംഭാവന നൽകി. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകൾ നേടി.
248 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ തുടക്കത്തിൽ തന്നെ തളർന്നു. വെറും ആറു റൺസിനിടെ മുനീബ അലി (2) റണ്ണൗട്ടായി പുറത്തായി. പിന്നാലെ സദാഫ് ഷമാസ് (6), അലി റിയാസ് (2) എന്നിവരെയും ഇന്ത്യ പുറത്താക്കിയതോടെ സ്കോർ 26/3 ആയി. നാലാം വിക്കറ്റിൽ സിദ്ര അമിനും നതാലിയ പെർവെയ്സും ചേർന്ന് പ്രതിരോധം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും നതാലിയയെ (33) പുറത്താക്കി ക്രാന്തി ഗൗഡ് ഇന്ത്യയെ വീണ്ടും മുന്നിൽ എത്തിച്ചു.
ക്യാപ്റ്റൻ ഫാത്തിമ സന (2)യെ ദീപ്തി ശർമ്മ പുറത്താക്കി. സിദ്ര നവാസ് (14), റനീം ഷമീം (0) എന്നിവരെയും ഇന്ത്യ എളുപ്പത്തിൽ പുറത്താക്കി. 81 റൺസെടുത്ത സിദ്ര അമിൻ മാത്രമാണ് പാകിസ്താനായി പ്രതിരോധം കാഴ്ചവെച്ചത്, എങ്കിലും സ്നേഹ് റാണ അവരെ പുറത്താക്കി ഇന്ത്യയുടെ വിജയം ഉറപ്പാക്കി. അവസാന വിക്കറ്റുകൾ ദീപ്തി ശർമ്മയും ക്രാന്തി ഗൗഡും ചേർന്ന് പൊളിച്ചെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡ്യും ദീപ്തി ശർമ്മയും മൂന്ന് വിക്കറ്റുകൾ വീതം, സ്നേഹ് റാണ രണ്ടും നേടി. ഈ ജയത്തോടെ വനിതാ ലോകകപ്പിൽ ഇന്ത്യ മികച്ച തുടക്കം തുടരുകയും, പാകിസ്താനെതിരെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.