വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണം: അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി, മുഖ്യമന്ത്രി

ദില്ലി: വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ 206. 56 കോടി രൂപമാത്രമാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ കേസിലും കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല.
മുഖ്യമന്ത്രി അമിത് ഷായെ കണ്ടത് കൃഷ്ണമേനോന് മാര്‍ഗിലെ വസതിയിലാണ്. മന്ത്രിമാരായ കെഎൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. എയിംസ് ആവശ്യവുമായി ആരോഗ്യമന്ത്രി ജെപി നദ്ദയേയും മുഖ്യമന്ത്രി കണ്ടു. നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. നിയമസഭ തെരഞ്ഞെടുപ്പിന് അധിക നാൾ ഇല്ലാത്തതിനാൽ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. വയനാട് ദുരന്ത സഹായത്തില്‍ കേന്ദ്രത്തെ പഴി പറയുമ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി.