വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: ചണ്ഡീഗഡിൽ ഇന്ന് ഗംഭീര ചടങ്ങ്

ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 വിമാനങ്ങൾ ഇന്ന് സേനയിൽ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. മിഗ് 21ൻ്റെ പറക്കൽ നിലവിൽ തുടങ്ങി. വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയുമാണ് വിമാനങ്ങൾ പറത്തുന്നത്. 62 വർഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ചണ്ഡീഗഡിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിട്ടുണ്ട്.
1962ലെ ചൈനാ യുദ്ധത്തിന് ശേഷമാണ് ഇന്ത്യ മിഗ്-21 നെ സ്വന്തമാക്കിയത്. 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തിയതോടെ ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിൽ സൂപ്പർസോണിക് കാലഘട്ടം തുടങ്ങി. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നിന്ന് 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിലേക്കും, 1999ലെ കാർഗിൽ യുദ്ധത്തിലേക്കും എല്ലായിടത്തും ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്നു മിഗ്-21.
400- അപകടങ്ങളും 170- വൈമാനികരുടെ ജീവത്യാഗവും ഉണ്ടായെങ്കിലും, മിഗ്-21യെ ഇന്ത്യ ഒരിക്കലും ഉപേക്ഷിച്ചില്ല. സമയത്തിനൊത്ത് മെച്ചപ്പെടുത്തി, ‘ബൈസൺ’ രൂപത്തിൽ തുടരുകയായിരുന്നു. 62 വർഷത്തെ സേവനത്തിനിടെ അനവധി വൈമാനികരുടെ കൈകളിൽ കരുത്തായി മാറിയ മിഗ്-21 ഒടുവിൽ ഇറങ്ങുകയാണ്.
ഇനി മിഗിന്റെ ഒഴിവിടം നികത്താൻ ഇന്ത്യൻ വ്യോമസേനയുടെ സ്വദേശിയുദ്ധവിമാനമായ ‘തേജസ്’ എത്തും. അടുത്ത മാർച്ചോടെ തേജസ് സ്ക്വാഡ്രണുകൾ പറന്നിറങ്ങും. 97 തേജസ് യുദ്ധവിമാനം വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായി 62370 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. 48000 കോടി രൂപയ്‌ക്ക് 83 തേജസ് യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ 2021 ഫെബ്രുവരിയിൽ എച്ച്‌എഎല്ലും കേന്ദ്രസർക്കാരും ഒപ്പുവെച്ചിരുന്നു. ഇതിന് പുറമെയാണ് പുതിയ കരാര്‍.