Latest News

വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ

 വാഹന വില നിർണയിക്കാൻ എ ഐ ഡിജിറ്റൽ പ്ലാറ്റ്‍ഫോം അവതരിപ്പിച്ച് സൗദി അറേബ്യ

റിയാദ്: സൗദിയിൽ വാഹനങ്ങൾ വാങ്ങുന്നവർക്കും വിൽക്കുന്നതിനുമായി പുതിയ പ്ലാറ്റ് ഫോം നിലവിൽ വന്നു. ‘മർജിയ’ എന്ന പേരിൽ സൗദി അക്രഡിറ്റഡ് വാല്യൂവേഴ്‌സ് അതോറിറ്റിയാണ് പുതിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിച്ച് വാഹനങ്ങളുടെ കൃത്യമായ വിലകൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വിപണിയിൽ പങ്കാളികൾക്കിടയിൽ നീതിയും സുതാര്യതയും ഉറപ്പാക്കാനും വിലകളിലെ വ്യത്യാസങ്ങൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. വാഹനത്തിന്റെ പ്രത്യേകതകളും വിപണി മൂല്യവും സമഗ്രമായി വിശകലനം ചെയ്തുകൊണ്ട് രാജ്യത്തെ കാർ വിലകൾ കണക്കാക്കുന്നതിനുള്ള വിശ്വസനീയമായ ഒരു റഫറൻസായാണ് ഇത് നിലകൊള്ളുന്നതെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് സാദ് അൽ ബൈസ് പറഞ്ഞു. കൂടാതെ വാങ്ങൽ, വിൽക്കൽ പ്രക്രിയകളിലെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അൽഗോരിതങ്ങളെ ആശ്രയിച്ചാണ് ‘മർജിഅ’ പ്ലാറ്റ്‌ഫോം വിശ്വസനീയമായ വിവിധ സ്രോതസ്സുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചുവിശകലനം ചെയുന്നത്. ഇവ യഥാർത്ഥ ഡാറ്റയെ ആശ്രയിക്കുന്നതിനാൽ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള വിലയിലെ അന്തരം കുറയ്ക്കുകയും ഇത് വ്യക്തിപരമായ വിവേചനാധികാരവും ഏകപക്ഷീയമായ വിലനിർണ്ണയവും പരിമിതപ്പെടുത്തുകയും വിപണിയിലെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും. കൂടാതെ വാഹനങ്ങളുടെ റെക്കോർഡുകൾ, മുൻ ഉടമകളുടെ എണ്ണം, യഥാർത്ഥ ഉപയോഗം എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്ലാറ്റ് ഫോം വഴി അറിയാനാകും.https://marjea.taqeem.gov.sa/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഒമ്പത് റിയാൽ ഫീ അടച്ച് തങ്ങളുടെ വാഹനത്തിന്റെ സീരിയൽ നമ്പറും നിലവിലെ ഓഡോ മീറ്റർ വിവരങ്ങളും കൊടുത്താൽ ആ വാഹനത്തിന്റെ നിലവിലുള്ള മാർക്കറ്റ് വില അറിയാനാവും. സ്വദേശികളും വിദേശികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ് ഫോമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes