വികസന സദസ്സിന് ഇന്ന് തുടക്കമായി; ഭാഗമാകില്ലെന്ന് പ്രതിപക്ഷം
പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്തുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍ വികസന സദസ്സും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍ ഒക്ടോബര്‍ 20വരെയാണ്. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും
സ്വീകരിക്കുകയും കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും പരിപാടി ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില്‍ നിന്ന് 250 -350 പേരും 750 -1,൦൦൦ ആളുകൾ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നിന്നും പങ്കാളികളാകും. ജ നപ്രതിനിധികളും വിവിധ മേഖലകളിലുള്ളവരും ഭാഗമാകും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍, തുടങ്ങിയവയില്‍ പങ്കാളികളായവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിക്കും. തദ്ദേശസ്ഥാപനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സദസ്സില്‍ പ്രകാശിപ്പിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യമുക്ത നവകേരളം തുടങ്ങിയവയുടെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും സെക്രട്ടറിമാര്‍ അവതരിപ്പിക്കും. പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ ഓപ്പണ്‍ ഫോറവുമുണ്ടാകും.

