വിജയയാവേശത്തിൽ എന്‍ഡിഎ; ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും
ദില്ലി: മഹാവിജയത്തിന്റെ ശക്തിയിൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാക്കി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി പദവികളുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണപ്രകാരം രണ്ട് സ്ഥാനങ്ങളും തൽക്കാലം ബിജെപി കൈവശം വയ്ക്കും. അഞ്ച് വർഷത്തെ കാലയളവിൽ കൂട്ടുകക്ഷികളെ കൂടുതൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും നിലനിൽക്കുന്നു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18-ന് നടക്കും. നിതീഷിനെ മുഖ്യമന്ത്രിപോസ്റ്റിന്റെ മുഖമായി മുന്നോട്ട് വെച്ച് നടത്തിയ പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചു. പതിനെട്ടാം നിയമസഭയുടെ ചുമതലയേൽക്കാൻ നിതീഷ് കുമാർ ഒരുങ്ങുകയാണ്.
തുടക്കത്തിൽ ബിജെപി ഈ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാകുമ്പോൾ നിതീഷ് തന്നെ മുഖ്യമന്ത്രിയാകും എന്ന് പാർട്ടി സമ്മതിച്ചു. കേന്ദ്രത്തിലേക്കുള്ള ജെഡിയുവിന്റെ 12 എംപിമാരുടെ പിന്തുണയും നിലനിൽക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് നിതീഷിനെ ഇപ്പോൾ വിരട്ടാനാവില്ല. ഫലപ്രഖ്യാപനത്തിന് പിന്നാലെ ജെഡിയുവും നിതീഷ് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ നിതീഷ് കുമാർ മുഴുവൻ അഞ്ചു വർഷവും സ്ഥാനത്ത് തുടരുമോ എന്നത്ചോദ്യം തന്നെയാണ്. ആരോഗ്യപ്രശ്നങ്ങൾ അതിന് പ്രധാന വെല്ലുവിളിയായി നിൽക്കും. കൂടാതെ ചിരാഗ് പാസ്വാൻ, ജിതൻറാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ തുടങ്ങിയ നേതാക്കളെ ഒറ്റക്കെട്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞാൽ നിതീഷിന്റെ രാഷ്ട്രീയ ഭാരം കുറയും. മുൻകാലത്തെപ്പോലെ വിലപേശൽ നിതീഷിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ മാറ്റം സംഭവിക്കാനിടയുണ്ട്. നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരി, വിജയ്കുമാർ സിന്‍ഹ എന്നിവർ തുടരില്ലെന്ന് സൂചന. നിലനിർത്തിയാലും നേതൃത്വത്തോട് കൂടുതൽ അടുത്തുനിൽക്കുന്ന സമ്രാട്ട് ചൗധരിയെ മാത്രം പരിഗണിച്ചേക്കും വലിയ മുന്നേറ്റം നടത്തിയ ചിരാഗ് പാസ്വാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കുമെന്ന സാധ്യതയും നിലനിൽക്കുന്നു.

