വിവാദങ്ങള്‍ക്കിടെ ജസ്റ്റിസുമാരായ വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ജസ്റ്റിസ് അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം പൂര്‍ണ്ണ അംഗബലമായ 34 ആയി. ഓഗസ്റ്റ് 27 ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധ്യ. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി. ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് അലോക് അഞ്ചാമതും, ജസ്റ്റിസ് വിപുല്‍ പഞ്ചോളി 57-ാമതുമാണ്.
ഗുജറാത്ത് സ്വദേശിയായ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനെ കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായവ്യത്യാസം അറിയിച്ചിരുന്നു. സീനീയോറിറ്റി മറികടന്നാണ് ജസ്റ്റിസ് പഞ്ചോളിയുടെ നിയമനമെന്നാണ് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടിയത്. ഓൾ ഇന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ പിന്നിലാണെന്നതും ഗുജറാത്തിൽ നിന്നുള്ള മൂന്നാമത്തെ സുപ്രീം കോടതി ജഡ്ജിയാകും ജസ്റ്റിസ് പഞ്ചോളിയെന്ന കാര്യവും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാരുടെ കുറവും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. എന്നാൽ കൊളീജിയത്തിലെ നാലു ജഡ്ജിമാർ ജസ്റ്റിസ് പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതോടെ, 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു.