വിസി നിയമനക്കേസിൽ കോടതി ചെലവ് രാജ്ഭവൻ തന്നെ വഹിക്കാമെന്ന് ഗവർണർ
തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളുടെ ചെലവ് സംബന്ധിച്ച നിബന്ധനകളിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഇളവ് വരുത്തി. സർവകലാശാലകൾ ചെലവ് വഹിക്കാത്ത പക്ഷം, അത് രാജ്ഭവൻ തന്നെ നൽകാമെന്നാണ് രാജ്ഭവന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നത്. വിഷയത്തെ കൂടുതൽ തർക്കത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതിനാലാണ് ഗവർണറുടെ നടപടി.
സ്ഥിര വിസി നിയമനവുമായി ബന്ധപ്പെട്ട കേസിനായി രാജ്ഭവൻ 11 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക സർവകലാശാലയും ചേർന്ന് 5.5 ലക്ഷം രൂപ വീതം നൽകണമെന്നായിരുന്നു മുൻപ് അയച്ച കത്തിൽ ഗവർണർ പറഞ്ഞിരുന്നത്. കെടിയു ഡിജിറ്റൽ സർവകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഗവർണർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിനായി അറ്റോർണി ജനറൽ കോടതിയിൽ ഹാജരായി, 11 ലക്ഷം രൂപയുടെ ബിൽ സമർപ്പിച്ചിരുന്നു. ഈ തുക നൽകണം എന്നായിരുന്നു ഗവർണറുടെ ആവശ്യം.

