‘വൃക്ഷങ്ങളുടെ മാതാവ്’ : സാലുമരദ തിമ്മക്ക അന്തരിച്ചു
ബെംഗളൂരു: ‘വൃക്ഷ മാതാവ്’ എന്ന് അറിയപ്പെട്ട പ്രശസ്ത പരിസ്ഥിതി പ്രവർത്തക സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അസുഖബാധിതയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
1911 ജൂൺ 30ന് തുമകുരു ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് തിമ്മക്കയുടെ ജനനം. കർണാടകത്തിലെ ഗ്രാമങ്ങളെ ഹരിതാഭമാക്കാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അവർ പ്രശസ്തയായത്. ബെംഗളൂരു സൗത്തിന്റെ രാമനഗര ജില്ലയിലെ ഹുളിക്കലും കുഡൂരും തമ്മിലുള്ള 4.5 കിലോമീറ്റർ ദൂരത്തിൽ 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചതിനു ശേഷമാണ് ‘മരങ്ങളുടെ നിര’ എന്നർത്ഥം വരുന്ന ‘സാലുമരദ’ എന്ന പേര് ലഭിച്ചത്.
2019ലെ പത്മശ്രീ അടക്കം നഡോജ അവാർഡ് (2010), നാഷണൽ സിറ്റിസൺ അവാർഡ് (1995), ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് (1997) ഉൾപ്പെടെ 12 പ്രധാന ബഹുമതികൾ തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.

