വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി! എസ്എൻഡിപി യോഗം ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല
എറണാകുളം: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർമാരെയും അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ഇതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ വിധി നിലനിൽക്കും. സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരമുള്ള നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി വരും തിങ്കളാഴ്ച വിശദമായി പരിഗണിക്കും. അപ്പീൽ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ വരുത്തിയ വീഴ്ച ചൂണ്ടിക്കാട്ടി മാർച്ച് 12-നാണ് ജസ്റ്റിസ് പി.ആർ. രവി അധ്യക്ഷനായ സിംഗിൾ ബെഞ്ച് വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള ഭാരവാഹികളെ നീക്കിയത്. പ്രമുഖ സാംസ്കാരിക നായകൻ എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഈ നിർണ്ണായക ഉത്തരവ്. കമ്പനി നിയമപ്രകാരം വാർഷിക കണക്കുകൾ ബോധിപ്പിക്കുന്നതിൽ പരാജയപ്പെട്ട ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോടതി കണ്ടെത്തി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള മുഴുവൻ ബോർഡ് മെമ്പർമാരെയും കോടതി അയോഗ്യരാക്കിയിരുന്നു. എസ്എൻഡിപി യോഗത്തിന്റെ കണക്കുകളിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് കോടതിയുടെ ഈ ഇടപെടൽ.

