വൈഷ്ണയുടെ വോട്ട് നീക്കിയ സംഭവത്തിൽ ഗൂഢാലോചനയെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മുട്ടടയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണയുടെ വോട്ട് ഒഴിവാക്കിയ സംഭവത്തിൽ ഗൂഢാലോചന നടന്നതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണം. സംഭവത്തിൽ തിരുവനന്തപുരം സിപിഐഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിർഭാഗ്യമെന്ന് വിലയിരുത്തപ്പെട്ട ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര അന്വേഷണം നടത്തണമെന്നും, അതിനായി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അന്വേഷണം നടക്കാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗൂഢാലോചനയിൽ പങ്കാളികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈഷ്ണയുടെ വോട്ട് തെറ്റായി നീക്കിയ നടപടിയെ റദ്ദാക്കി, പട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഉത്തരവിട്ടിരുന്നു. കോർപ്പറേഷൻ ഇആർഎ ചട്ടം ലംഘിച്ചെന്നും, വൈഷ്ണ സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയും, അവരെ കേൾക്കാതെയും തീരുമാനം എടുത്തത് നീതീകരിക്കാനാകാത്തതാണെന്നും കമ്മീഷൻ വിമർശിച്ചു.
കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ വൈഷ്ണയെ യുഡിഎഫ് മുട്ടടയിൽ മത്സരിപ്പിച്ചപ്പോൾ, ‘കള്ളവോട്ട് ചേർത്തു’ എന്ന സിപിഐഎം പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വോട്ടർ പട്ടികയിൽ നിന്നു പേര് നീക്കുകയായിരുന്നു. സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലായതോടെ വൈഷ്ണഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ അനുകൂല വിധിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് പുനഃചേർക്കാൻ നിർദേശിക്കുകയും വിവാദത്തിൽ പുതിയ തിരിമറി സൃഷ്ടിക്കുകയും ചെയ്തു.

