വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തി; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകൾ 26കാരിയയ വൈഷ്ണവിയാണ് കൊല്ലപ്പെട്ടത്. മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണ് ദീക്ഷിത് വൈഷ്ണവിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി.
സംഭവത്തിൽ യുവതിയുടെ ഭർത്താവായ കാട്ടുകുളം സ്വദേശി ദീക്ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കൊലക്കുറ്റം ചുമത്തിയത്. മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷ് കുമാറിനാണ് അന്വേഷണ ചുമതല. പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും ദീക്ഷിതിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിതാണ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷം ദീക്ഷിത് തന്നെ ബന്ധുക്കളെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. നാലു വർഷത്തെ പ്രണയശേഷം ഒന്നര വർഷം മുമ്പാണ് ഇരുവരുടേയും വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴ്ച രാത്രിയാണ് സംഭവം. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ ഭർത്താവ് ദീക്ഷിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.