വോട്ടര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: ഹൈക്കോടതി നിർദേശം
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബൂത്തുകളിലെത്തുന്നവർക്കായി കുടിവെള്ളവും ഇരിപ്പിട സൗകര്യവും ഒരുക്കണമെന്ന് കോടതി വ്യക്തമാക്കി. നീണ്ട നിരയിൽ കാത്തുനിൽക്കുന്ന വോട്ടർമാർക്ക് സ്കൂളുകളിലുള്ള ബെഞ്ചുകളും കസേരകളും നൽകാനാവുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന് പറഞ്ഞു.
ബൂത്തിൽ തിരക്ക് കൂടുതലാണോ എന്നു മുൻകൂട്ടി അറിയുന്നതിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ ഉള്ള പോളിംഗ് സമയത്തിൽ 660 മിനിറ്റ് മാത്രമാണുള്ളത്. ഒരു ബൂത്തില്‍ 1200 വോട്ടര്‍മാർ വോട്ട് ചെയ്യുമ്പോൾ ഒരാൾക്ക് ലഭിക്കുന്നത് 30-40 സെക്കന്റ് മാത്രമാകുന്നു. ഇത്രയും കുറച്ച് സമയത്തിനുള്ളിൽ വോട്ടെടുപ്പ് പൂർത്തിയാക്കുന്നത് പ്രായോഗികമല്ലെന്നും കോടതി നിരീക്ഷിച്ചു.
വോട്ടെടുപ്പിനായി എത്തിയ ശേഷം നീണ്ട ക്യൂ കണ്ട് തിരിച്ചുപോകുന്നത് ജനാധിപത്യത്തിന്റെ പരാജയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേഖലകളിൽ യഥാക്രമം 1200/1500 വോട്ടർമാർക്കൊരു ബൂത്ത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലെ ക്രമീകരണം പര്യാപ്തമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വൈകുമെന്നതിനാൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ബൂത്തുകളുടെ എണ്ണം കൂട്ടണമെന്ന് നിർദേശിക്കുന്നില്ലെങ്കിലും, ഭാവിയിൽ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാനുള്ള മതിയായ സമയം ഉറപ്പാക്കുന്ന രീതിയിലായിരുക്കണം ബൂത്തുകളുടെ ക്രമീകരണം. വൈക്കം സ്വദേശി എൻ.എം. താഹ, തൃശൂർ കോൺഗ്രസ് നേതാവ് വി.വി. ബാലചന്ദ്രൻ എന്നിവർ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

