വോട്ടർ പട്ടികയിൽ പേരില്ല; വീണാ നായരും ലക്ഷ്മി പ്രിയയും മത്സരരംഗത്തുനിന്നും പിന്മാറി
കൊച്ചി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കാനില്ലെന്ന് നടിമാരായ വീണാ നായരും ലക്ഷ്മി പ്രിയയും അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതാണ് ഇരുവർക്കും തിരിച്ചടിയായത്. ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന വീണാ നായർ, വോട്ടർ പട്ടികയിൽ പേരില്ലാത്തത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്ന് പ്രതികരിച്ചു. വോട്ട് ചേർക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും നടപടികൾ പൂർത്തിയാകാൻ വൈകുമെന്നതിനാലാണ് പിന്മാറ്റം. സ്ഥാനാർത്ഥിയാകാൻ കഴിയില്ലെങ്കിലും എൻഡിഎയ്ക്കും ട്വന്റി-20 സഖ്യത്തിനുമൊപ്പം ഉറച്ചുനിൽക്കുമെന്നും ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും വീണ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നതിനാൽ പട്ടികയിൽ പേരുണ്ടാകുമെന്നാണ് കരുതിയതെന്നും അവർ കൂട്ടിച്ചേർത്തു.
പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കാനിരുന്ന ലക്ഷ്മി പ്രിയയും സമാനമായ സാങ്കേതിക കാരണങ്ങളാലാണ് പിന്മാറിയത്. വിലാസത്തിലെ ചില പ്രശ്നങ്ങൾ കാരണം വോട്ടർ പട്ടികയിൽ പേര് വരാത്തതാണ് പ്രതിസന്ധിയായത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പ് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നതിനാലാണ് മത്സരത്തിൽ നിന്ന് മാറാൻ തീരുമാനിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. റിസ്ക് എടുക്കാൻ തയ്യാറാണെന്ന് ട്വന്റി-20 നേതൃത്വം അറിയിച്ചിരുന്നെങ്കിലും, മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ താൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും പരിഹാസങ്ങളിൽ തളരില്ലെന്നും അവർ വ്യക്തമാക്കി. രണ്ട് പ്രമുഖ സ്ഥാനാർത്ഥികൾ ഒരേസമയം സാങ്കേതിക കാരണങ്ങളാൽ പിന്മാറിയത് മുന്നണിക്ക് പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ട വെല്ലുവിളിയാണ് ഉയർത്തുന്നത്.

