വ്യാജ ഐഡി കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും നാല് സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നാല് അടുത്ത സുഹൃത്തുക്കളെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. കെഎസ്‌യു പത്തനംതിട്ട ജില്ലാ നേതാവ് നുബിൻ ബിനു, അടൂർ സ്വദേശികളായ അശ്വന്ത്, ജിഷ്ണു, ചാർലി എന്നിവരാണ് പുതുതായി പ്രതിപട്ടികയിൽ ഉള്ളത്. ഇവരുടെ വീടുകളിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ് ഉണ്ടാക്കി വിതരണം ചെയ്തതിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്ന അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. കാർഡുകൾ തയ്യാറാക്കി വിതരണം ചെയ്യാൻ ‘കാർഡ് കളക്ഷൻ ഗ്രൂപ്പ്’ എന്ന പേരിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിൽക്ക് വീണ്ടും നോട്ടീസ് നൽകി. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശമുണ്ട്.
കേസുമായി ബന്ധപ്പെട്ട് അടൂരിലെ അനുയായികളുടെ വീടുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. കെഎസ്‌യു ജില്ലാ സെക്രട്ടറി നുബിൻ ബിനുവിന്റെ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിക്കാനായിരുന്നു വ്യാജ കാർഡുകളുടെ ഉപയോഗമെന്നാണ് കേസ്.ഇതിനു പുറമേ രാഹുലിന്റെ വിശ്വസ്തരായ ഫെനി നൈനാൻ, രഞ്ജു എം.ജെ., അഭി വിക്രം, ബിനിൽ ബിനു, വ്യാജ കാർഡ് നിർമ്മിക്കാൻ ആപ്ലിക്കേഷൻ തയ്യാറാക്കിയ കാസർഗോഡ് യുവജന നേതാവ് ജയ്സൺ വികാസ് കൃഷ്ണ എന്നിവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.