വർക്ക് പെർമിറ്റിന് യുഎസിൽ ഇനി പുതിയ നിയമങ്ങൾ; ഇന്ത്യക്കാർക്കു തിരിച്ചടി
കുടിയേറ്റ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൻ്റെ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നിർത്തിവെക്കുന്നതിന് ഇടക്കാല നിയമം പ്രഖ്യാപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്. ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കാണ് ഈ നിയമം തിരിച്ചടിയാവുക. ഒക്ടോബർ 30 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. ചില പ്രത്യേക വിഭാഗങ്ങൾക്കൊഴികെ കുടിയേറ്റ തൊഴിലാളികളുടെ പശ്ചാത്തലം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുവാനും നിയമത്തിൽ പറയുന്നുണ്ട്.
എച്ച്1ബി, ഒ1 വിസ ഉടമകളുടെ പങ്കാളികൾ (എച്ച്4 വിസ) പോലുള്ള നിരവധി പേരെയാണ് പുതിയ നിയമം ബാധിക്കുക. 2025 ഒക്ടോബർ 30-നോ അതിനുശേഷമോ EAD പുതുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതനുസരിച്ച് ഇനി മുതൽ ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ നടക്കാതെയാവും. എന്നാൽ, ഒക്ടോബർ 30-ന് മുമ്പ് കാലാവധി നീട്ടിക്കിട്ടിയവർക്ക് ഇത് ബാധിക്കില്ല.”പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കൂടുതൽ പരിശോധനയും സ്ക്രീനിംഗും” ഉണ്ടായിരിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.EAD പുതുക്കൽ അപേക്ഷ ഫയൽ ചെയ്യാൻ താമസിക്കുന്നതനുസരിച്ച് അത് അവരുടെ തൊഴിലിനെയും ജീവിതത്തേയും പ്രതികൂലമായി ബാധിക്കും.അതേസമയം, സ്ഥിര താമസക്കാർക്ക് EAD-ക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

