ശബരിമല സ്വർണക്കൊള്ള: ആദ്യ റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആണ് നേരിട്ട് എത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. പോറ്റിയുടെ വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മൊഴിയും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തനിക്ക് സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും പാളികള്‍ കൈപ്പറ്റിയത് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിനാലാണെന്നും അനന്ത സുബ്രഹ്‌മണ്യം പൊലീസിനോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. കൂടാതെ നാഗേഷ്, ആർ. രമേശ്, കൽപേഷ് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗൂഢാലോചനയുടെ കേന്ദ്രം എന്ന് സംശയിക്കുന്ന മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവും അന്വേഷണസംഘത്തിനുണ്ട്.