ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. 13 ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് പ്രതിയായ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റിയത്. എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും.
കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല, എന്നായിരുന്നു പോറ്റിയുടെ മറുപടി. അതേസമയം തനിക്ക് അസുഖങ്ങളുണ്ടെന്നും ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ അറിയിച്ചു. എന്നാല്‍ അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17ന് പോറ്റിയെ കസ്റ്റഡിയിലെടുത്തത്.

