ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് ഓഫീസിൽ നടത്തിയ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഐഎമ്മിൻ്റെ മുൻ എംഎൽഎയും നിലവിലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ് പത്മകുമാർ.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആറാമത്തെ അറസ്റ്റാണ് പത്മകുമാറിൻ്റേത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ,മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
എ. പത്മകുമാറിന് സ്വർണക്കൊള്ള കേസ് ആസൂത്രണത്തിൽ പങ്കുണ്ടെന്ന പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് അറസ്റ്റ്.പത്മകുമാറിന്റെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചനകൾ നടന്നെന്നും എസ്ഐടി കണ്ടെത്തൽ.

