ശബരിമല സ്വർണപ്പാളി വിവശം: സ്വർണപ്പാളി ബെംഗളൂരുവിൽ എത്തിച്ചെന്ന് വിജിലൻസ്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക വഴിത്തിരിവ്. ദേവസ്വം വിജിലൻസ് റിപ്പോർട്ട് പ്രകാരം, 2019-ൽ ശ്രീകോവിലിൽ നിന്ന് മാറ്റിയ സ്വർണപ്പാളി ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്വർണപ്പാളി 40 ദിവസം വൈകിയാണ് തിരികെ എത്തിയതെന്നും, ആ താമസത്തിൽ ഗൗരവമായ ദുരൂഹതയുണ്ടെന്നും വിജിലൻസ് പറയുന്നു, അതേസമയം 2019ൽ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശാൻ ചെന്നൈയിൽ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തി.
ദേവസ്വം രേഖകൾ പ്രകാരം, 1999-ൽ വിജയ് മല്യ വഴിപാടായി നൽകിയ 30 കിലോയ്ക്ക് മേൽ സ്വർണം ഉപയോഗിച്ച് ശ്രീകോവിലിനോടൊപ്പം ദ്വാരപാലക ശില്പങ്ങളും സ്വർണപൂശിയിരുന്നു. എന്നാൽ, 2019-ൽ അതേ പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ എത്തിക്കുമ്പോൾ, അവ ചെമ്പുപാളികൾ ആയി രേഖപ്പെടുത്തിയതായി തിരുവാഭരണം കമ്മീഷണർ ആർ.ജി. ആര്.ജി. രാധാകൃഷ്ണന് തയ്യാറാക്കിയ മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ആഗസ്റ്റ് 29ന്, ഉണ്ണികൃഷ്ണൻ പോറ്റിയാണ് ദ്വാരപാലക പാളികൾ ചെന്നൈയിലെ സ്മാർട്ട്സ് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചത്. 1999-ലെ വഴിപാടിൽ ദ്വാരപാലക പാളികൾ ഉൾപ്പെടെ മൊത്തം 42.8 കിലോ തൂക്കമുണ്ടായിരുന്നു. എന്നാൽ, 2019-ൽ സ്വർണം പൂശി തിരികെ കൊണ്ടുവന്നപ്പോൾ അത് 4.41 കിലോ കുറഞ്ഞ് എത്തിയതായി രേഖകൾ വ്യക്തമാക്കുന്നു.