ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല; തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച് ഹൈക്കോടതി. ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വെെദഗ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡതീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് അംഗീകാരം നൽകിയത്.
നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്നും പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്ന വാദവും കോടതി നിരാകരിച്ചു.2023–- 24ൽ 75 പാർട്ട്‌ടൈം ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ എസ്എസ്എൽസിയും അക്രഡിറ്റഡ് തന്ത്രവിദ്യാലയത്തിലെ സർട്ടിഫിക്കറ്റുമാണ് യോഗ്യത നിശ്ചയിച്ചത്. പരമ്പരാഗത വേദപഠന ശാലകളിലെ വിദ്യാർഥികൾ തഴയപ്പെടുമെന്ന് തന്ത്രിസമാജം ആശങ്ക ഉന്നയിച്ചപ്പോൾ ആ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അനുമതി നൽകി. എഴുത്തുപരീക്ഷയ്ക്കുപുറമേ ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലുമുള്ള അറിവും വിലയിരുത്തിയാണ് ചുരുക്കപ്പട്ടികയുണ്ടാക്കിയത്. ഈ പട്ടിക തള്ളണമെന്നായിരുന്നു ഹർജി.
എന്നാൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കുകയും പാരമ്പര്യത്തിനുമാത്രം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ലന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും ബെഞ്ച് അറിയിച്ചു.