ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആര്‍ടിസി;ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആർടിസി പ്രതിദിനം വരുമാനത്തിലും ചരിത്ര നേട്ടം കൈവരിച്ചതിൽ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആർടിസിയിൽ നടന്നത്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി കൈവരിച്ചത്. ട്രാവൽ കാർഡ്, യുപിഐ പെയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആർടിസി സ്വീകരിച്ച പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. ഇത് കെഎസ്ആർടിസിയുടെ ജനപ്രീതിയും വർദ്ധിപ്പിക്കാൻ കാരണമായി എന്ന് മുഖ്യമന്തി കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിസ്ഥാനം എന്ന് അദ്ദേഹം വ്യക്തമാക്കി.