ഷട്ട് ഡൗണിൽ അമേരിക്കയിൽ വൻ പ്രതിസന്ധി; പത്തു ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു
ന്യൂയോര്‍ക്ക്: ഷട്ട് ഡൗണിനെ തുടർന്ന് അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് കാരണം 10 ശതമാനം വിമാന സർവീസുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനം.തിരക്കേറിയ വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ എണ്ണം കുറയ്ക്കും. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് കാരണം വിമാന സർവീസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
പുതിയ തീരുമാനം അമേരിക്കയിലെ 40 എയർപോർട്ടുകളെ പ്രതികൂലമായി ബാധിക്കും. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും. അന്താരാഷ്ട്ര സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നാണ് വിമാന കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതേസമയം, ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ വാഷിംഗ്ടണിൽ ചർച്ചകൾ തുടരുകയാണ്. അതേസമയം, അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒരു മാസം പിന്നിടുമ്പോള്‍, ഭക്ഷ്യസഹായം മുടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് പൗരന്മാര്. ആര്‍ക്കും വിശന്നിരിക്കേണ്ടിവരില്ലെന്ന് പ്രസിഡന്റ് ട്രംപ് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും, സാങ്കേതിക പ്രശ്നങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശമ്പളം കിട്ടാതെ വലയുന്ന ഫെഡറല്‍ ജീവനക്കാരും, അടിസ്ഥാന സേവനങ്ങള്‍ നിലച്ചതിനാല്‍ ദുരിതത്തിലായ ലക്ഷക്കണക്കിന് അമേരിക്കക്കാരും പാര്‍ട്ടിപ്പോരിന്റെ ഇരകളാകുകയാണ്. റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരി മുന്നോട്ടുപോകുമ്പോള്‍, ഈ വാരാന്ത്യം മുതല്‍ ഷട്ട്ഡൗണിന്റെ പൂര്‍ണ്ണ പ്രഹരം സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

