Latest News

സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

 സഭയില്‍ ബാനറുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം; സഭ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടി സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.

സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ കാഴ്ച മറച്ച് ‘ അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികളെ’ന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബാനര്‍ താഴ്ത്തിപ്പിടിക്കണമെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം. എന്തിനാണ് സഭ തടസപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതിഷേധിക്കുന്നതിന്റെ ഗ്രൗണ്ട് എന്താണ്? പ്രശ്‌നം ഉണ്ടെങ്കില്‍ എഴുതി തരണമെന്നും എന്തുകൊണ്ടാണ് അടിയന്തര പ്രമേയം നല്‍കാതിരുന്നതെന്നും സ്പീക്കര്‍ പ്രതിപക്ഷ എംഎല്‍എമാരോട് ചോദിച്ചു. ബഹളം കൂടിയപ്പോള്‍ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയും സഭ അല്‍പനേരത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു. സഭ പുനരാരംഭിച്ചെങ്കിലും പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ സംസാരിക്കുന്നതിനിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes