സാമ്പത്തിക പ്രതിസന്ധി: 10000കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ
ഡൽഹി: അഹമ്മദാബാദിലെ വിമാനപകടവും ഇന്ത്യ-പാക് സംഘർഷവും തുടർന്ന് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരോട് എയർലൈൻസ് ധനസഹായം അഭ്യർതഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
സുരക്ഷാ സംവിധാനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻ-ഹൗസ് മെയിൻറനൻസ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ധനസഹായം ആവശ്യപ്പെടാൻ കാരണമായി കാണിക്കുന്നത്. ബ്ലൂംബർഗ് നൽകുന്ന റിപ്പോർട്ടിൽ ഇതാണ് സൂചന.
240-ലധികം യാത്രക്കാരുടെ ജീവനെടുത്ത ജൂൺ മാസത്തെ വിമാനപകടം എയർ ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. കൂടാതെ, പാകിസ്ഥാൻ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് 10,000 കോടി രൂപയുടെ സഹായ അഭ്യർഥന.
74.9 ശതമാനം ഓഹരിയും ടാറ്റ സൺസിനും ശേഷമുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസ്‌ക്കും ആണ്. ആവശ്യപ്പെടുന്ന ധനസഹായം ഓഹരി പങ്കാളിത്ത അനുപാതത്തിൽ നൽകുമെന്നാണ് സൂചന. സഹായം പലിശരഹിത വായ്പയായിരിക്കുമോ അല്ലെങ്കിൽ ഓഹരി നിക്ഷേപമേഖലയിൽ വരുമോ എന്ന് ഉടമകൾ തീരുമാനിക്കേണ്ടതുണ്ട്.
എയർ ഇന്ത്യയോ ടാറ്റ സൺസോ ഇതുവരെ വിഷയത്തിൽ പ്രതികരണം നൽകിയിട്ടില്ല.

