സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല;ചിത്രാഞ്ജലി സ്റ്റുഡിയോ ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനം
തിരുവനന്തപുരം: നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം സിനിമാ സംഘടനകൾ ബഹിഷ്കരിക്കും. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന നിർദേശം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടനകൾക്ക് നൽകി.
സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ചാണ് ബഹിഷ്കരണ തീരുമാനം. ഫിലിം ചേംബറിന് കീഴിൽ വരുന്ന നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവർക്കും കത്തയച്ചു. കൂടാതെ താരസംഘടനയായ AMMAയ്ക്കും സാങ്കേതിക പ്രവർത്തകരുടെ സംഘടനകൾക്കും പരിപാടിയിൽ സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരട്ട നികുതി അടക്കമുള്ള വിഷയങ്ങളിൽ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി സർക്കാർ മുന്നിൽ സിനിമാ സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചുവരികയാണെന്ന് ഫിലിം ചേംബർ പറയുന്നു. നേരത്തെ സമരം പ്രഖ്യാപിച്ചെങ്കിലും സാംസ്കാരിക വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. വിവിധ വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും ഇതുവരെ നടപടിയില്ലെന്നാണ് സംഘടനകളുടെ ആരോപണം. തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്ന സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ സിനിമാ പ്രവർത്തകർ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫിലിം ചേംബർ.

