സുരക്ഷാ ജീവനക്കാർക്കായി ഡിജിറ്റൽ ലൈസൻസിങ് സംവിധാനവുമായി ദുബൈ വ്യോമയാന അതോറിറ്റി

ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യോമയാന സുരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലോകത്തിലെ ആദ്യത്തെ എഐ നിയന്ത്രിത യാത്രികഇടനാഴി (പവേഡ് പാസഞ്ചർ കോറിഡോർ) ആരംഭിച്ചതിന് ശേഷമാണ് ഈ വികസനം. പരമ്പരാഗത പാസ്പോർട്ട് പരിശോധന സംവിധാനവുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന സമയം മറികടക്കാൻ യാത്രക്കാരെ അനുവദിക്കുന്ന തരത്തിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‘റെഡ് കാർപെറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഇത്, യാത്രക്കാർക്ക് രേഖകളൊന്നും പുറത്തെടുക്കാതെയോ ഇമിഗ്രേഷൻ കൗണ്ടറുകളിൽ നിൽക്കാതെയോ സെക്കൻഡുകൾക്കുള്ളിൽ സ്ക്രീനിങ് സംവിധാനത്തിലൂടെ നടക്കാൻ അനുവദിക്കുന്നു.
ഒരേസമയം 10 യാത്രക്കാരെ പരിശോധിക്കാൻ ഈ സംവിധാനത്തിന് കഴിയും, പരമ്പരാഗത സംവിധാനത്തിന് ഒരു സമയം ഒരു യാത്രക്കാരനെ മാത്രമേ പരിശോധിക്കാൻ സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി, പുതിയ സംവിധാനം യാത്രക്കാരുടെ ഡാറ്റ യാത്രിക ഇടനാഴിയിൽ എത്തുന്നതിനു മുമ്പുതന്നെ തിരിച്ചറിയുന്നു. അതിനാൽ, ഇത് യാത്രക്കാർക്ക് വിമാനത്താവളത്തിൽ പരിശോധനയ്ക്കായി കാത്തുനിൽക്കുന്ന സമയം ലാഭിക്കാനാകുന്നു. ദുബൈ വ്യോമയാന സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു നാഴികക്കല്ലാണ് ഈ സംരഭമെന്ന് ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി അഭിപ്രായപ്പെട്ടു. “ഡിജിറ്റൽ സെക്യൂരിറ്റി സ്ക്രീനർ ലൈസൻസിങ് സിസ്റ്റം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു,” അദ്ദേഹം പറഞ്ഞു. “കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും, ദുബൈയുടെ വ്യോമയാന മേഖലയിൽ അന്താരാഷ്ട്ര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇതു വഴി സാധ്യമാകും. സ്മാർട്ട് സിസ്റ്റങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിനായി സംയോജിപ്പിക്കുന്നു. ദുബൈ സർക്കാരിന്റെ ഭാവി കാഴ്ചപ്പാടിന് അനുസൃതമായി, ദുബൈ പൊലിസുമായുള്ള സ്ഥാപനപരമായ സഹകരണത്തിന്റെ മൂല്യം ഈ നേട്ടം എടുത്തുകാണിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന രംഗത്ത് ദുബൈയുടെ ആഗോള സ്ഥാനം നിലനിർത്തുന്നതിന് നിരന്തരമായ നവീകരണം ആവശ്യമാണെന്ന് മേജർ ജനറൽ ഹാരിബ് അൽ ഷംസി അഭിപ്രായപ്പെട്ടു.