സുരേഷ് ഗോപിയുടെ സൗഹാർദ്ദ വികസന സംവാദം

തൃശൂർ: പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. കലുങ്ക് സൗഹാർദ്ദ വികസന സംവാദത്തിലാണ് വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ ഉൾപ്പെടെ ചർച്ചയായത്. പരിപാടിയുടെ ആദ്യഘട്ടം പുള്ള് മേഖലയിലായിരുന്നു.
തുടർച്ചയായി നേരിടുന്ന വെള്ളപ്പൊക്കവും കുടിവെള്ള പ്രതിസന്ധിയും നാട്ടുകാർ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. വെള്ളപ്പൊക്കത്തിന് സ്ഥിരപരിഹാരം കണ്ടെത്താൻ പ്രത്യേക പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ സജീവ ഇടപെടൽ ഉണ്ടായിരിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നൽകി.
ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹാർദ്ദ സംവാദത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് കേന്ദ്രമന്ത്രിയോടൊപ്പം വേദി പങ്കിട്ടു. രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ ജനങ്ങൾ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാക്കിയ വേദി പുതുചരിത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടേയും എംപിയാണ് എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
ബിജെപി നേതാവും നടനുമായ ദേവൻ, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, തൃശൂർ സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു എന്നിവർ പങ്കെടുത്തു