സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും

xr:d:DAFMd_r783s:6,j:35582246667,t:22091708
വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി തുടർന്നേക്കുമെന്ന സൂചന. ധനകാര്യ ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിച്ചെങ്കിലും പാസാകാതെ പോയതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളാനുള്ള സാഹചര്യം നിലനിൽക്കുന്നു.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത പ്രതിരോധം പുലർത്തിയതാണ് ബിൽ തടസ്സപ്പെട്ടതിന് കാരണം. ഫണ്ടിംഗ് നിയമം പാസാകാതിരുന്നതോടെ ഫെഡറൽ സർക്കാർ സേവനങ്ങൾ മൂന്നാം ദിവസവും നിലച്ചു.
അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനാൽ സാധാരണ ജനജീവിതത്തെയും വിവിധ സർക്കാർ സേവനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നാസയുടെ പ്രവർത്തനങ്ങളും ഷട്ട്ഡൗൺ മൂലം തടസ്സപ്പെട്ടു. സർക്കാർ ഫണ്ടിംഗ് ഇല്ലാതായതോടെ പല ബഹിരാകാശ ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ ഒന്നിനാണ് ട്രംപ് അടച്ചുപൂട്ടൽ ഉത്തരവിൽ ഒപ്പുവെച്ചത്. ഇതിന് പിന്നാലെ അത്യാവശ്യ സേവനങ്ങൾ മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമം. സർക്കാർ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്ന ബില്ലിന്മേൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർചർച്ചകളും ഫലം കാണാതെ അവസാനിച്ചതിനെ തുടർന്ന് സെനറ്റിൽ താൽക്കാലിക ബിൽ അവതരിപ്പിച്ചെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിക്കാത്തതോടെ അത് പാസാകാതെ പോയി. ഇതോടെ അമേരിക്കൻ സർക്കാർ പ്രവർത്തനങ്ങൾ ഭാഗികമായി നിലച്ചിരിക്കുകയാണ്,