സ്കൂളുകൾക്ക് സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയില്‍: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളിൽ സ്കൂളുകൾക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം. എവര്‍റോളിങ് ട്രോഫി നൽകുന്നത് പരിഗണനയിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീപ്രൈമറിയിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്‌കൂൾ, ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ്എസ്എൽസി പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ, പ്ലസ് ടു പരീക്ഷയ്ക്കിരുത്തുന്ന സ്‌കൂൾ എന്നീ വിഭാഗങ്ങൾക്കാണ് ട്രോഫി നൽകുന്നത് പരിഗണിക്കുന്നത്.
എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വീട്ടുജോലികൾക്കും അധ്യാപകർ പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും, വിവിധ പ്രശ്നങ്ങൾ നേരിടുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനേജ്മെൻറുകൾ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അധ്യാപകർക്ക് യൂണിഫോം നൽകുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് അധ്യാപക സംഘടന നേതാക്കളാണെന്നും മന്ത്രി വ്യക്തമാക്കി.