സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു

ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ലെ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു. തുടർന്ന് ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു.
സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. ലഡാക്ക് നിവാസികൾ നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധം കഴിഞ്ഞ മൂന്ന് വർഷമായി, കണ്ടുകൊണ്ടിരിക്കുകയാണ്.
2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും മുൻ ജമ്മു കശ്മീർ സംസ്ഥാനം വിഭജിക്കുകയും ചെയ്തതിനെ തുടർന്ന് ലഡാക്കിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായി രൂപീകരിച്ചത്.പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്.ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങൾ തെരുവിലിറങ്ങിയത്.